അങ്കമാലി പോർക്ക് ഫ്രൈ
പാചകം - അങ്കമാലി പോർക്ക് ഫ്രൈ
നാവിൽ കൊതിയൂറും അങ്കമാലി പോർക്ക് ഫ്രൈ ഉണ്ടാക്കുന്നതെ എങ്ങനെയാണെന്ന് നോക്കാം. തീർത്തും നാടൻ .രസക്കൂട്ടുകൾ ചേർത്തതാണ് ഇത് പാചകം ചെയ്യുന്നത്
ചേരുവകൾ:
- പോർക്ക് - ഒരു കിലോ
- ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
- സവാള അരിഞ്ഞത് - ഒരു കപ്പ്
- തേങ്ങാക്കൊത്ത് - കാൽ കപ്പ്
- മുളകുപൊടി - ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
- ഗരംമസാല പൊടി - ഒരു ടീസ്പൂൺ
- മീറ്റ് മസാല - ഒരു ടീസ്പൂൺ
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- കുരുമുളകുപൊടി - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഇറച്ചിക്കഷണങ്ങളിൽനിന്ന് നെയ്യുള്ള (വെളുത്ത നിറമുള്ള പീസുകൾ) വേർതിരിച്ചെടുക്കണം. അവ നന്നായി കഴുകി വാരി വെള്ളം പൂർണമായും ഊറ്റി ക്കളഞ്ഞ് ഒരു ചട്ടിയിലേക്ക് മാറ്റി ചെറുതീയിൽ വച്ച് ഉരുക്കിയെടുക്കണം. ഈ ഉരുക്കിമാറ്റിയ നെയ്യ് കളയാം. ഉരുക്കി വറുത്തുകോരിയ കഷണങ്ങൾ നെയ്യില്ലാത്ത കഷണങ്ങളോട് ചേർത്ത് ഒരു പാത്രത്തിലാക്കി അതിലേക്ക് വഴറ്റിയെടുത്ത ഇഞ്ചി, വെളുത്തുള്ളി, സവാള തേങ്ങാക്കൊത്ത് എന്നിവ ചേർക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, മീറ്റ് മസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയെടുക്കുക. വളരെ കുറച്ചുമാത്രം വെള്ളം ചേർക്കുക. ഇത് അടുപ്പിൽ വേവിച്ചെടുക്കുന്നതാണ് ഉത്തമം. വേവിച്ചെടുത്ത ഇറച്ചിക്കഷണങ്ങൾ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുത്തതിലേക്ക് ഇട്ട് നന്നായി ഉലർത്തിയെടുക്കണം. വെള്ളം വറ്റിവരുമ്പോൾ കുരുമുളക് പൊടിയും ആവശ്യമെങ്കിൽ ഗരംമസാലപ്പൊടിയും ചേർത്തെടുക്കാം. കുരുമുളകുപൊടിയാണ് ഇതിന്റെ മെയിൻ ചേരുവ.
കടുകു പൊട്ടിക്കുമ്പോൾ ആവശ്യമെങ്കിൽ കൂടുതൽ തേങ്ങാക്കൊത്തും വറുത്ത് ചേർക്കാം. ചെറുതീയിൽ നന്നായി മൊരിച്ചെടുത്ത് സെർവ് ചെയ്യാം.