കാനഡയിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് | നമ്മുടെ നാട്ടിലേക്കും തൊഴിൽ തേടിയും വിദ്യാഭ്യാസം കരസ്ഥമാക്കാനും വരുന്നവർ ഉണ്ട് | From Canada to Kerala for higher education
ഓരോവർഷവും കേരളത്തിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് ഏജൻ്റുമാർ മുഖേന ലക്ഷങ്ങൾ മുടക്കി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. അവരിൽ 95% കുട്ടികളും കേരളത്തിലെ ഏതെങ്കിലും ഗവ: കോളേജിലോ, എയ്ഡഡ് കോളേജിലോ, സ്വാശ്രയ കോളേജിലോ മെറിറ്റിൽ സീറ്റ് കിട്ടിയവരല്ല.
വിദേശത്തെ ഉന്നത കലാലയങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ നല്ല നിലവാരമുള്ള പ്രവേശന പരീക്ഷകൾ എഴുതി മികച്ച മാർക്കോടെ ഉയർന്ന റാങ്കിൽ വരണം. അത്തരം കുട്ടികൾക്കാണ് സ്കോളർഷിപ്പും സ്റ്റൈപ്പെൻ്റുമെല്ലാം ലഭിക്കുക. വിദേശത്തെ മികവുറ്റ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയാലേ പ്രശസ്ത കമ്പനികളിൽ പ്ലേസ്മെൻ്റ് ലഭിക്കൂ. കേരളത്തിൽ നിന്ന് വിദേശത്ത് പോയി പഠിക്കുന്ന കുട്ടികളിൽ മഹാഭൂരിഭാഗവും നിലവാരം കുറഞ്ഞ തട്ടിക്കൂട്ട് സ്ഥാപനങ്ങളിലാണ് ചേരുന്നത്.
എന്നാൽ വിദേശത്തുനിന്നു കേരളത്തിലെത്തി പഠനം പൂർത്തിയാക്കുന്നവരുമുണ്ട്. ഇവിടെയുള്ള തലമുറ അവിടേയ്ക്ക് പറക്കുമ്പോൾ ഈ വാർത്ത നമ്മളെ അത്ഭുതപ്പെടുത്തും. മുൻ വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ കുറിപ്പിൽ നിന്ന്.
മുപ്പത് വർഷങ്ങൾക്ക് മുമ്പാണത്രെ കെവിൻ്റെ അച്ഛൻ ജിമ്മി ജോൺ ജോസഫ് കാനഡയിലേക്ക് ചേക്കേറിയത്. ഉത്തർപ്രദേശിലെ മിർസാപൂർ ബിർള അലൂമിനിയം കമ്പനിയിലായിരുന്നു അദ്ദേഹത്തിന് ജോലി. വിവാഹ ശേഷം ഭാര്യ ഡോ: വിനിയെ, അദ്ദേഹം കൂടെക്കൂട്ടി. അങ്ങിനെയാണ് ഇരുവരും കാനഡയിൽ ജീവിതം കരുപ്പിടിപ്പിച്ചത്. യു.പി യിൽ ഭഗൽകോട്ട് ഡെൻ്റൽ കോളേജിൽ നിന്ന് BDS കഴിഞ്ഞ ഡോ: വിനി കർണ്ണാടകയിലെ ബിജാപൂർ അൽ-അമീൻ ഡെൻ്റെൽ കോളേജിൽ ഫാക്കൽറ്റിയായി ജോലി ചെയ്യവെയാണ് വിവാഹിതയായത്. കാനഡയിൽ മെഡിക്കൽ രംഗത്ത് ജോലി ചെയ്യാൻ വിദേശ ഡിഗ്രിയുള്ളവർക്ക് പ്രത്യേക പരീക്ഷ പാസ്സാകണം. വിദേശത്തുനിന്ന് MBBS എടുത്ത് വരുന്നവർക്ക് ഇൻഡ്യയിൽ ജോലി ചെയ്യാൻ ദേശീയ തലത്തിൽ നടക്കുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേഷൻ പരീക്ഷ പാസ്സാകണമെന്ന വ്യവസ്ഥ ഉള്ളത്പോലെ. അതിനായി മൂന്നോ നാലോ വർഷം വേണ്ടി വന്നു ഡോ: റിനിക്ക്. ഇപ്പോൾ ഒരു ഡെൻ്റെൽ ക്ലിനിക്ക് സ്വന്തമായി നടത്തുന്നു. കാനഡയിൽ ഹെൽത്ത് ഇൻഷൂറൻസിന് പുറമെ ഡെൻഡൽ ഇൻഷൂറൻസും ഉള്ളതിനാൽ MBBS ഡോക്ടർമാരെപ്പോലെത്തനെ ദന്തരോഗവിദഗ്ധർക്കും നല്ല ഡിമാൻ്റൊണ്. നമ്മുടെ നാട്ടിലും അത്തരമൊരു ഇൻഷൂറൻസ് സംവിധാനമുണ്ടായാലേ ഡെൻഡൽ ഡോക്ടർമാർക്ക് അവരുടെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കാനാകൂ.
കാനഡയിൽ കമ്പനി ജീവനക്കാരനായിരുന്ന ജിമ്മി ജോൺ ജോസഫ് ഇന്ന് നല്ലൊരു ബിസിനസ്സുകാരനാണ്. ജിമ്മിക്കും റിനിക്കും രണ്ട് മക്കളാണ്. സെലിനും കെവിനും.
സെലിന് വയസ്സ് 27. ഡിഗ്രി കഴിഞ്ഞു. പല സ്ഥലങ്ങളിലും ജോലി ചെയ്തു. 2018-ൽ പുറത്തിറങ്ങിയ "രണം" എന്ന സിനിമയിൽ പൃഥിരാജിൻ്റെ നായികയായി അഭിനയിച്ചു. മലയാളം നന്നായി സംസാരിക്കും. കാനഡയിലെ മലയാളികൾക്കായി സ്ഥാപിച്ച പിതാവിൻ്റെ യുട്യൂബ് ചാനലിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചാണ് സെലിൻ കലാരംഗത്ത് ശോഭിച്ചത്. മലയാള സിനിമയിൽ സജീവമാകാനാണ് സെലിന് താൽപര്യം.
കെവിൻ ജോൺ ജോസഫ്. വയസ്സ് 22. കാനഡയിൽ ജനനം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കാനഡയിലെ സ്കൂളിൽ പഠനം. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ശനി, ഞായർ ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ജോലി ചെയ്തുതുടങ്ങി. ഡെൻഡൽ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റായും റസ്റ്റാറൻഡിലെ പാചക സഹായിയായും വെയിറ്ററായും പണിയെടുത്തു. കെവിൻ നന്നായി സംസാരിക്കും. മലയാളം മനസ്സിലാകും. എഴുതാനറിയില്ല. മാതൃഭാഷയിൽ സംസാരിക്കുമ്പോൾ വാക്കുകൾക്ക് തടസ്സം നേരിട്ടാൽ ഉടൻ ഇംഗ്ലീഷിലേക്ക് സംഭാഷണം മാറും.
രണ്ടാമത്തെയാളാണ് കെവിൻ. മ്യൂസിക്കാണ് കെവിൻ്റെ ഇഷ്ടവിനോദം. ഒൻപതാം ക്ലാസ് മുതൽ കെവിൻ പാർട്ട്ടൈം ജോലിക്ക് പോയിത്തുടങ്ങി. പന്ത്രണ്ടാം ക്ലാസ് വരെ അത് തുടർന്നു. പ്ലസ് ടു കഴിഞ്ഞ് വെറുതെ ഇരുന്നില്ല. ഫുൾടൈം ജോലിയിൽ പ്രവേശിച്ചു. ചെറിയ ഇടവേളക്ക് ശേഷം ഇരുപതാം വയസ്സിൽ പഠനം വീണ്ടും തുടരാൻ തീരുമാനിച്ചു. നമ്മുടെ നാട്ടിലെപ്പോലെ ഒന്നാം ക്ലാസ്സിൽ തുടങ്ങിയാൽ പോസ്റ്റ്ഗ്രാജ്വേഷനോ പി.എച്ച്.ഡിയോ കഴിയുന്നത് വരെ തുടർച്ചയായി പഠിക്കുക എന്ന രീതി വിദേശത്തെവിടെയും ഇല്ലത്രെ. ഉന്നതവിദ്യാഭ്യാസപഠനം വിദേശത്ത് പൊതുവെ ചെലവേറിയതാണ്. അച്ഛൻ്റെയും അമ്മയുടെയും നാടായ കേരളത്തിൽ ഡിഗ്രിക്ക് ചേരണമെന്ന് കെവിൻ ആഗ്രഹിച്ചു. അങ്ങിനെയാണ് അങ്കമാലിയിലെ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജ് BSW ഡിഗ്രി കോഴ്സിനായി തെരഞ്ഞെടുത്തത്.
പഠനവും കലയും സംഗീതവുമൊക്കെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാൻ കേരളം ഏറ്റവും യോജ്യമായ സ്ഥലമാണെന്നാണ് കെവിൻ്റെ വിശ്വാസം. കേരളത്തിലെ ക്യാമ്പസുകളിൽ കണ്ട സൗഹൃദവും അടുപ്പവും കാനഡയിലേതിനെക്കാൾ ഗാഢമാണെന്ന് കെവിൻ സാക്ഷ്യപ്പെടുത്തുന്നു. പഠന ചെലവ് കേരളത്തിൽ വളരെ കുറവാണെന്നും ആ ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞു. വേണമെങ്കിൽ പഠിക്കുന്ന സമയത്ത് ഇവിടെയും ജോലി ചെയ്യാമെന്ന അഭിപ്രായക്കാരനാണ് കെവിൻ. കളരി അഭ്യസിക്കാൻ ഉൽസാഹിയായ കെവിൻ കരാട്ടെക്കും കുംഫുവിനും പുറമെ ഇവിടെ വന്ന് കളരിയും അഭ്യസിച്ചു. അതിനായി മൂന്നുമാസമാണ് കനേഡിയൻ പൗരനായ മലയാളി യുവാവ് ചെലവിട്ടത്.
കുട്ടികൾക്ക് ജോലി കൊടുക്കാൻ കാനഡയിലും മറ്റു രാജ്യങ്ങളിലും സ്ഥാപനങ്ങൾ തയ്യാറാവുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണെന്നാണ് കെവിൻ്റെ പക്ഷം. ഒന്ന് കുട്ടികൾക്ക് സാലറി താരതമ്യേന കുറവാണ്. അതിനു പുറമെ ഏത് ജോലിയാണെങ്കിലും തൊഴിൽ പരിശീലനത്തിന് ഏറ്റവും യോജ്യർ കുട്ടികളാണ്. ചെറുപ്പത്തിൽ അവർ പഠിക്കുന്നത് മാത്രമല്ല, അഭ്യസിക്കുന്ന തൊഴിലും ജീവിതത്തിൽ മറക്കില്ല. കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് കുട്ടികളെ ജോലിക്കെടുത്ത് നിപുണരാക്കുന്നതിൽ മുൻപന്തിയിൽ. അതിനെ അധികൃതർ നിർലോഭം പ്രോൽസാഹിപ്പിക്കുന്നു. വോളണ്ടറി സർവീസ് പ്രീഡിഗ്രി കാലത്ത് എല്ലാ കുട്ടികളും ചെയ്യുന്ന പതിവ് കാനഡയിൽ വ്യാപകമാണ്. എല്ലാ സലറി ട്രാൻസ്ഫറുകളും ബാങ്ക് വഴിയേ നടത്താൻ പാടൂ.
സൗകര്യമില്ലെന്ന് പറഞ്ഞ് വിദേശങ്ങളിലെ നാലാംകിട സ്ഥാപനങ്ങളിലേക്ക് കുട്ടികൾ പോകുന്ന കേരളത്തിലേക്കാണ് കെവിൻ ജോൺ ജോസഫ് ഉപരിപഠനത്തിന് എത്തിയിരിക്കുന്നതെന്ന കാര്യം എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു.
കെവിന് യുവജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനാണ് ആഗ്രഹം. നല്ലൊരു കൗൺസിലറാകണം. ആയോധന കലകളിൽ പ്രാവിണ്യം നേടണം. പഠിത്തത്തിൽ മുഴുകുന്നതിനാൽ ക്ലാസ്സിൽ സുഹൃത്തുക്കൾ കുറവാണ്. കുട്ടികൾ തമ്മിലുള്ള ചങ്ങാത്തവും ആത്മബന്ധവും തന്നെ വല്ലാതെ ആകർഷിച്ചതായി കെവിൻ അടിവരയിട്ടു. മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറഞ്ഞ പോലെയാണ് നമ്മുടെ കുട്ടികൾക്ക് കേരളം. കെവിനിലൂടെ കേരളത്തിൻ്റെ മഹത്വം ഒരിക്കൽ കൂടി ഞാനറിഞ്ഞു. കേരളത്തിലെ പഠനം അവന് പുതിയ ദിശാബോധം നൽകും. തീർച്ച.
വലിയ പരസ്യം നൽകി മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിദേശപഠന മോഹത്തെ സമർത്ഥമായി ചൂഷണം ചെയ്യുന്നവരുടെ കെണിയിൽ വീഴാതെ നോക്കാൻ പുതുതലമുറ ജാഗ്രത കാട്ടണം. വിദേശ രാജ്യങ്ങളിലെ നിലവാരമില്ലാത്ത ഓഫ്ക്യാമ്പസുകളിൽ നിന്നും, ഓപ്പൺ സർവകലാശാലകളുടെ സ്റ്റഡി സെൻ്റെറുകളിൽ നിന്നും എടുക്കുന്ന ബിരുദങ്ങൾക്കും ബിരുദാനന്തര ബിരുദങ്ങൾക്കും ഇൻഡ്യയിൽ അംഗീകാരം ഉണ്ടാവില്ല. ഭീമമായ ബാങ്ക് ലോണെടുത്ത് കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിദേശങ്ങളിലേക്ക് പഠിക്കാൻ പറഞ്ഞയക്കുന്ന രക്ഷിതാക്കൾ സൂക്ഷ്മത പാലിച്ചാൽ നന്നാകും. അല്ലെങ്കിൽ സ്വന്തം പുരയിടത്തിൻ്റെ പ്രമാണങ്ങൾ കാലാന്തരത്തിൽ ധനകാര്യ സ്ഥാപനങ്ങളുടേതായി മാറും.
ഓരോവർഷവും കേരളത്തിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് ഏജൻ്റുമാർ മുഖേന ലക്ഷങ്ങൾ മുടക്കി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. അവരിൽ 95% കുട്ടികളും കേരളത്തിലെ ഏതെങ്കിലും ഗവ: കോളേജിലോ, എയ്ഡഡ് കോളേജിലോ, സ്വാശ്രയ കോളേജിലോ മെറിറ്റിൽ സീറ്റ് കിട്ടിയവരല്ല. വിദേശത്തെ ഉന്നത കലാലയങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ നല്ല നിലവാരമുള്ള പ്രവേശന പരീക്ഷകൾ എഴുതി മികച്ച മാർക്കോടെ ഉയർന്ന റാങ്കിൽ വരണം. അത്തരം കുട്ടികൾക്കാണ് സ്കോളർഷിപ്പും സ്റ്റൈപ്പെൻ്റുമെല്ലാം ലഭിക്കുക. വിദേശത്തെ മികവുറ്റ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയാലേ പ്രശസ്ത കമ്പനികളിൽ പ്ലേസ്മെൻ്റ് ലഭിക്കൂ. കേരളത്തിൽ നിന്ന് വിദേശത്ത് പോയി പഠിക്കുന്ന കുട്ടികളിൽ മഹാഭൂരിഭാഗവും നിലവാരം കുറഞ്ഞ തട്ടിക്കൂട്ട് സ്ഥാപനങ്ങളിലാണ് ചേരുന്നത്. കേരളത്തിൽ നിന്ന് വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണമാണ് കൂടുതലെങ്കിലും ഒറ്റപ്പെട്ടതെങ്കിലും വിദേശത്തു നിന്ന് നമ്മുടെ നാട്ടിലേക്കും തൊഴിൽ തേടിയും വിദ്യാഭ്യാസം കരസ്ഥമാക്കാനും വരുന്നവർ ഉണ്ടെന്നാണ് സെലിൻ്റെയും കെവിൻ്റെയും അനുഭവം വ്യക്തമാക്കുന്നത്.