ഉരുൾപൊട്ടലിൽ വീട്ടുകാർ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസനും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസനും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. ശ്രുതിയും ജെൻസനും സഞ്ചരിച്ച വാൻ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പരുക്കുപറ്റിയ മറ്റു ബന്ധുക്കളും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ തലയ്ക്ക് പരുക്ക് പറ്റിയ ജെൻസൺ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിനു പരുക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ജൂലൈ 30ന് പുലർച്ചയുണ്ടായ ദുരന്തത്തിൽ ശ്രുതിക്ക് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ അച്ഛൻ, അമ്മ, സഹോദരി എന്നിവരെ നഷ്ടമായി. ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് പ്രിയപ്പെട്ടവരും സ്വപ്നങ്ങളും എല്ലാം മണ്ണിനടിയിൽ ആയത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ ആണ് തീരുമാനിച്ചിരുന്നത്.