മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ്; യുവാവിനെ മര്‍ദ്ദിച്ച് പണവും സ്വര്‍ണ്ണവും തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍
തിരൂർ: ആയുർവേദ മസാജ് സെന്ററില്‍ എത്തിയ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി മർദ്ദിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ നടത്തിപ്പുകാരനടക്കം മൂന്ന് പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റിരിക്കടവിലെ ‘ഔറാ വെല്‍നസ്’ മസാജ് സെന്ററിലാണ് സംഭവം നടന്നത്. മസാജ് സെന്റർ നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ ഒന്നാം പ്രതിയായ സൗദ് പത്തോളം കേസുകളില്‍ പ്രതിയാണ്.
വെള്ളിയാഴ്ച രാത്രി മസാജിനായി എത്തിയ തെക്കൻ കുറ്റൂർ സ്വദേശി മനോജിനെയാണ് സംഘം ആക്രമിച്ചത്. മനോജിന്റെ കൈവശം പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഇയാളെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. 28,500 രൂപ, ഒന്നര പവൻ സ്വർണ്ണമാല, പവർ ബാങ്ക്, ബൈക്ക് എന്നിവ സംഘം തട്ടിയെടുത്തു.
മനോജിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് സൗദിന്റെ പക്കല്‍ നിന്ന് സ്വർണ്ണമാലയും ബൈക്കും കണ്ടെടുത്തു. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദിഖ്, എസ്.എച്ച്.ഒ അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
